ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2012, നവംബർ 18, ഞായറാഴ്‌ച

മാറ്റൊലി സിനിമകളും നവീന മലയാള സിനിമാ പ്രവണതകളും മലയാള സിനിമയെ എങ്ങോട്ടാണ് നയിക്കുന്നത്..?




"ഇതെന്താണ് ഭായ്..?

എന്റെ പ്രിയ സുഹൃത്ത് ആഷിക് അബുവിന്റെ "ഡാ തടിയാ" എന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ സോങ്ങിന്റെ ആദ്യ വരി കടമെടുത്തുകൊണ്ട് ഈ ലേഖനം എഴുത്തുന്നതിന് വ്യക്തമായ കാരണവും സത്യസന്ധതയും ഉണ്ട്. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമയെ വീക്ഷിക്കുകയും അതിനെ ഒരു കല മാത്രമല്ല ബഹുഭൂരിപക്ഷം ജനങ്ങളുടെ മനസ്സിനേയും വികാരങ്ങളെയും ഏറ്റവും അധികം അഫെക്ട് ചെയ്യുന്ന ഇഫക്ട് ഉണ്ടാക്കുന്ന മാധ്യമം എന്ന നിലയില്‍ മനസ്സിലാകുകയും ചലചിത്ര ലോകത്തെ സ്വപ്നതുല്യമായ പബ്ലിസിറ്റി ഫെയിം തുടങ്ങിയ സോഷ്യല്‍ സ്റ്റാറ്റസുകളോടെ തന്നെ ചലച്ചിത്രകാരന്മാരോട് ഒരല്പം അസൂയ്യയോടെ ഇടപെടുകയും ചെയ്യുക എന്ന സത്യസന്ധത. മലയാള സിനിമ അതിന്റെ ഒരു പുതുമഴക്കാലം നനയുകയാണ് ഇന്ന്‍.. കുളിരും നനവും പേമാരിയും കാറ്റും മഞ്ഞും കരിങ്കര്‍ക്കിടകവും ആലിപ്പഴങ്ങളും കല്ലുമഴയും ഒക്കെ അനുഭവിക്കുകയാണ് ഇന്ന്‍.... അനേകം സിനിമകള്‍ പുതിയ ബാനറുകള്‍ പുതിയ നിര്‍മാതാക്കള്‍ സംവിധായകര്‍ നടീനടന്‍മാര്‍. എഴുത്തുകാര്‍ അങ്ങനെ മലയാളം പച്ചപിടിക്കുകയാണ്. 

സൂപ്പര്‍ താരങ്ങളുടെ ഡേറ്റ്/ അവരുടെ പ്രതിഫലം/അതിനെല്ലാം ഉപരി ഇടനിലക്കാരുടെയും ഇടപെടലുകള്‍ ഇവയൊക്കെയായിരുന്നു മലയാള സിനിമയുടെ ദുരിതം. സിനിമയുടെ നിര്മാണ ചെലവിന്റെ സിംഹഭാഗം സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കപ്പെടുമ്പോള്‍ അത്തരം ചിത്രങ്ങളുടെ തിയറ്ററുകളിലെ ഭാവി ഇരുളടഞ്ഞതായി. പിന്നീട് യൂണിയനുകളുടെയും അസോസിയേഷനുകളുടെയും ഇടപെടലുകള്‍ സിനിമയുടെ നിലനില്‍പ്പിന് കത്തിവയ്ക്കുകയായിരുന്നുവെന്നും മനസ്സിലാകുന്നു. പക്ഷേ സിനിമയിലെ പുതുതലമുറയുടെ വരവ് അതിനെല്ലാം ഒരു മറുമാരുന്നായി. നവോന്മേഷം. ഡിജിറ്റല്‍ ഫിലിം മേക്കിന്റെ അനായാസ്യത, കുറഞ്ഞ ചെലവ്, ഫ്ലെക്സിബിലിറ്റി, കുറഞ്ഞ പ്രതിഫലത്തില്‍ അഭിനയിക്കാന്‍ തയാറുള്ള കഴിവുറ്റ നടീ നടന്മാര്‍, മികച്ച ദൃശ്യബോധവും പാശ്ചാത്യ സംസ്കാരത്തോടും സിനിമാ നിര്‍മാണത്തോടുമുള്ള് അവരുടെ അഫിനിറ്റിയും, കോടികളില്‍ നിന്ന്‍ ലക്ഷങ്ങളിലേക്ക് താഴ്ന്ന പ്രൊഡക്ഷന്‍ കോസ്റ്റും അത്തരം മുത്തമുടക്കിന് തയാറുള്ള പുതിയ പ്രൊഡ്യൂസര്‍മാരും ഒക്കെ ഈ മാറ്റത്തിന് പങ്കുവഹിച്ചിട്ടുണ്ട്. 

പക്ഷേ ഇവിടെ വിസ്മരിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ സുപ്രധാനമായ ഒന്ന്‍ 'സത്യസന്ധത' ആണെന്ന്‍ കാണാം. ഇത് സത്യസന്ധമായി ഒന്ന്‍ മനസ്സിലാക്കുക മാത്രമാണ് ഈ ലേഖനത്തില്‍ അവധൂദന്‍ ശ്രമിക്കുന്നത്. 

സമീപകാലത്ത് സിനിമയുടെ ഈ സജീവ മാറ്റത്തിന് തുടക്കം കുറിച്ച ചിത്രങ്ങള്‍ മുതല്‍ ഇങ്ങോട്ട് ഇപ്പോള്‍ റിലീസിങ്ങിന് തയ്യാറെടുക്കുന്ന പുത്തന്‍ ചിത്രങ്ങള്‍ വരെ പൊതുവായി കാണുന്ന ഒരു പ്രത്യേകതയാണ് അവയിലെല്ലാം വിശ്വാസിനിമയുടെ ഒരു ഇംപാക്ട്, ഭാഷയിലും എഴുത്തിലും മേക്കിങ്ങിലും എഡിടിങ്ങിലും തുടങ്ങി ഏതിനും ഏതിനും ഒരു ഗ്ലോബല്‍ യൂണിഫോമിറ്റി. പക്ഷേ ആഗോള സിനിമയുടെ ഗത്തിക്കൊപ്പം അല്ല ഇതിന്റെ പോക്ക് മറിച്ച് അതിനെ പിന്തുടരുകമാത്രമാണ്. 2000 മുതല്‍ ഇങ്ങോട്ട് വിശ്വാസിനിമയുടെ മേക്കിങ്ങില്‍ വന്ന പ്രത്യേകതകള്‍ മലയാളത്തിലേക്കു ഇത്ര വ്യാപകമായി കടന്നുവരുന്നത് 2010-നു ശേഷം മാത്രം. അതിനെ നമ്മള്‍ പുതുമ എന്ന പേരില്‍ കൊണ്ടാടുകയും ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ പിന്നിലാണ് നാം എന്ന്‍ മറന്നുപോകുന്നു. അത്തരം സിനിമകള്‍ക്ക് ന്യൂ ജെനറേഷന്‍ സിനിമകള്‍ എന്ന നാമകരണവും മഹത്വവല്‍കരണവും നടത്തുന്നതില്‍ എന്തു അര്‍ത്ഥം എന്ന്‍ ശങ്കിച്ച്പോകുന്നു. നമ്മുടേതായ പുതുമകള്‍ ആവിഷ്കരിക്കാനും നമ്മുടേതായ ഒരു ദൃശ്യഭാഷ സൃഷ്ടിക്കാനും ഒന്നും ആവാത്തനിലക്ക് നവതരംഗം എന്നൊന്ന് മലയാളത്തിലുണ്ടായിട്ടുണ്ടോ എന്നും സംശയിക്കുന്നു. അപ്പോള്‍ ഇവയെ 'അലയൊലി സിനിമകളെന്നോ' മാറ്റൊലി തരംഗമെന്നോ' ഒക്കെ വിളിക്കുകയാണ് നല്ലതെന്നും തോന്നുന്നു. 

മറ്റൊന്ന് നവതരംഗം എന്ന ലേബലില്‍ കടന്നുവരുന്ന അഡാപ്റ്റേഷന്‍ പ്രവണതയാണ്. ശ്രീ ലാല്‍ജോസ് പറഞ്ഞതുപോലെ അടപ്റ്റേഷന്‍ അത്ര തെറ്റൊന്നുമല്ല മലയാളത്തില്‍ ഈ പ്രവണത പണ്ടും ഉണ്ടായിട്ടുണ്ട്, ഇന്‍റര്‍നെറ്റ് ഇല്ലാതിരുന്നതുകൊണ്ട് അതൊന്നും അറിയപ്പെടാതെ പോയി എന്നതൊക്കെ വസ്തുതകളാണെന്നിരിക്കിലും ഒരു ചോദ്യം അതിനെല്ലാം മേലെ നില്‍ക്കുന്നുണ്ട്. "മലയാളത്തില്‍ ഇത്രമാത്രം ആശയ/കഥാ ദാരിദ്ര്യമുണ്ടോ..?" എന്നത്. നല്ലൊരു വിദേശ കലാ സൃഷ്ടിയെ മലയാളത്തിലേക്കു പദാനുപദ തര്‍ജമയും ഫ്രേം ടു ഫ്രേം കോപ്പിയിങ്ങും നടത്തിയാല്‍ അതെങ്ങനെ ഒരു കലാസൃഷ്ടിയാവും. അത് അനുകരണമല്ലേ ആകുന്നുള്ളു. വികലമായ അനുകരണം നടത്തിയ ചില സിനിമകള്‍ കണ്ടിരികുമ്പോള്‍ പ്രേക്ഷകന്‍ ചര്‍വിത ചര്‍വണം കഴിക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. അവനെ കബളിപ്പിക്കുകയാണ് അത്തരം ചലച്ചിത്രകാരന്മാര്‍... വാണിജ്യ സിനിമകള്‍ എന്ന ഒരു വ്യാഖ്യാനം കൊടുത്താല്‍ ഇത് ഒരു ഗ്ലോറിഫൈഡ് ഫ്രോഡറി ആണെന്നും വരുന്നു. കാരണം കച്ചവടത്തില്‍ ഒരുതരം കബളിപ്പിക്കല്‍ ഒളിഞ്ഞിരിക്കുന്നു എന്നത് തന്നെ. ഇവിടെ സമര്‍ത്ഥരായ കച്ചവടക്കാര്‍ പലരുമുണ്ട്. അതില്‍ സുപ്രധാനികള്‍ സംവിധായകരും  എഴുത്തുകാരും സംഗീത സംവിധായകരും ഒക്കെയാണെന്ന് സമീപകാല വാര്ത്തകള്‍ സൂചിപ്പിക്കുന്നു. 30 ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന ഒരു എഴുത്തുകാരനും നടനുമായ മാറ്റൊലി ചലച്ചിത്രകാരന്‍ തുടച്ചയായി ഇത്തരം സിനിമകള്‍ അഡാപ്റ്റ് ചെയ്തു ചെയ്യുമ്പോള്‍ അതിനെ എങ്ങനെ കാണണം എന്ന്‍ പ്രേക്ഷകര്‍ പറയട്ടെ. പക്ഷേ അത്തരം മാറ്റൊലി ചലച്ചിത്രകാരന്‍മാര്‍ മലയാള സിനിമയുടെ വക്താക്കളായും രക്ഷകരായും നവോദ്ധാരകരായും ഒക്കെ മഹത്വവല്‍കരണം ചെയ്യപ്പെടുന്നത് അത്ര കണ്ടു അംഗീകരിക്കാന്‍ ആകുന്നില്ല. കാരണം അവര്‍ ചെയ്യുന്നത് സ്യൂഡോ ആര്‍ട് ആണെന്ന് തന്നെ. 

ലാറ്റിനമേരിക്കന്‍ സംഗീതവും ബോബ് മാര്‍ളിയും ഒക്കെ കോപ്പി ചെയ്തു സ്യൂഡോ സംഗീത പ്രളയം സൃഷ്ടിച്ച എ ആര്‍ റഹ്മാന്‍ തമിഴ് സിനിമാഗാന ശാഖയെ അതിന്റെ പച്ചപ്പില്‍ നിന്ന്‍ ഒരുതരം വെപ്രാളപ്പെടുത്തുന്ന കോലാഹലത്തിലെത്തിച്ചു. അതിനെ പിന്തുടരുന്ന ഇന്നത്തെ തമിഴ് സംഗീതത്തിലേക്കും. പക്ഷേ അത്തരം ഗാനങ്ങള്‍ക്കോ സംഗീതത്തിനോ ആയുസ്സുണ്ടായില്ല. മരവിയിലേക്ക് മാറ്റപ്പെടാനായിരുന്നു വിധി. ഇപ്പൊഴും അങ്ങനെ തന്നെ. പക്ഷേ ശുദ്ധസംഗീതം ഇന്നും മനസ്സിനും കാതിനും കുളിരാണ് കാലങ്ങള്‍ കഴിഞ്ഞിട്ടും. എ ആര്‍ റഹ്മാന്‍ എന്ന സംഗീതകാരന്‍ പോലും വിസ്ര്മൃതിയിലേക്ക് മറയാണ്‍ തുടങ്ങിയിരുന്നു ബോയ്സ് വരുന്നത് വരെ. മലയാളത്തിലും അതേ പ്രവണത കാണുന്നുണ്ട്. സംഗീതത്തിലും സിനിമയിലും. ശുദ്ധ പ്രമേയങ്ങളുള്ള സിനിമകള്‍ ബോക്സോഫീസ് ഹിറ്റുകള്‍ ആയില്ലെങ്കില്‍പ്പോലും അത് ആളുകളുടെ പ്രജ്ഞ്ഞയില്‍ തങ്ങിനില്‍ക്കുന്നുണ്ട്. "മാറ്റൊലി സിനിമകള്‍" പക്ഷേ പട്ടണത്തിലെ തിയറ്ററുകളില്‍ ഒതുങ്ങുകയും അവിടെനിന്ന്‍ മാറ്റപ്പെടുന്നതോടെ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ചില ചിത്രങ്ങള്‍ മധുരതരമായിരുന്നുവെങ്കില്‍ പോലും ആ ഇത്തിരി മധുരം മനസ്സില്‍ ഊറി അടിയാന്‍ മടിക്കുന്നു എന്ന്‍ പ്രേക്ഷകര്‍ക്കറിയാം. ചലച്ചിത്രകാരന്‍മാര്‍ അതൊന്ന്‍ മനസ്സിലാക്കുമെങ്കില്‍ നന്നായിരുന്നു. ഇംഗ്ലിഷ്/ ഓസ്ട്രേലിയന്‍/// ഹോങ്കോങ്ങ് സിനിമകളുടെ അഡാപ്റ്റേഷനുകള്‍ ഇപ്പോഴിതാ ഇതര ഇന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ പോലും മലയാള സിനിമയ്ക്ക് പ്രമേയമാകുമ്പോള്‍ മലയാളത്തിന്റെ മൂല്യം കുറയുന്നത്  ഒരിത്തിരി നോവോടെ മനസ്സിലാക്കുകയാണ് നാം. നമ്മൂടെ ചുറ്റുപാടുകളിലേക്ക് തുറന്നുവച്ച കണ്ണുകളും മനസ്സുകളും ഒപ്പിയെടുക്കുന്ന കാഴ്ചകളൂം സന്ദര്‍ഭങ്ങളും എത്രയോ അനവധിയാണെന്നോ. പക്ഷേ അത്തരം കാഴ്ചകളെ മറന്ന്‍ നാമെന്തിന് ഇതര സംസ്കാരങ്ങളിലെ കഥകള്‍ പറയണം. അതൊരു തെറ്റല്ല പക്ഷേ അത് നമ്മുടേതായ രീതിയില്‍ പറയുകയല്ലേ നല്ലത്.? നമുക്ക് സ്വന്തം എന്ന്‍ പറയാവുന്ന ചിത്രങ്ങള്‍, എന്‍റേത് എന്ന്‍ തന്‍റേത് മാത്രം എന്ന്‍ പറയാവുന്ന ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക മതിപ്പും വിലയും ഉണ്ടാകും എന്നത് സത്യമല്ലേ.

മാറ്റൊലി  സിനിമകളെ തികച്ചും മോശം എന്ന്‍ ആക്ഷേപിക്കുകയല്ല അടിയന്‍ ചെയ്യുന്നത് പകരം അത് നമ്മുടെ സിനിമ മേഖലയെ ഏത്തരത്തിലൊക്കെ ബാധിക്കാം എന്ന്‍ വിലയിരുത്തുകമാത്രമാണ്. ഇത്തരം സിനിമകള്‍ സിനിമ എന്ന വ്യവസായത്തിന് ഗുണകരമായേക്കാം. ചിലവ് കുറവിന്റെയും അതതു വര്‍ഷത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ദ്ധനവു കണക്കിലെടുക്കുകയാണെങ്കില്‍.. പക്ഷേ കഥയും കാമ്പും ജനുവിന്‍ കഥാതന്തുവും മേക്കിങ്ങുമുള്ള വാല്യൂ ഉള്ള മലയാള സിനിമ എന്ന പേരില്‍ പുറം ലോകത്തേക്കോ ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കോ ധൈര്യമായി എത്താവുന്നതും ജനഹൃദയത്തില്‍ നിത്യഹരിതമായി നിലനില്‍കുന്നതുമായ ചിത്രങ്ങള്‍ എത്രത്തോളമുണ്ടാകുന്നു എന്ന്‍ ചിന്തിക്കേണ്ടിയും വരുന്നു. പുതു തലമുറ ഈ മാറ്റൊലി സിനിമകളാണ് "മലയാള സിനിമ" എന്നും ഇതാണ് മലയാളിയുടെ സിനിമാ സംസ്കാരമെന്നും ധരിച്ച് വളര്‍ന്നാല്‍ അത് ദോഷമേ ചെയ്യൂ.

പക്ഷേ ചിന്തിക്കുകയും വിവേചിക്കാന്‍ കഴിവുള്ളവരും വിവേകവുമുള്ള പുതു തലമുറ ഈ നവതരംഗമെന്ന പേരിലുള്ള മാറ്റൊലി സിനിമാ പ്രവണതയെ അല്പം വേദനയോടൂം നീരസത്തോടുമാണ് സമീപിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നും സ്വകാര്യ സൌഹൃദ സദസ്സില്‍ നിന്നും ചലച്ചിത്രമേളകളില്‍നിന്നുമൊക്ക് മനസ്സിലാക്കാനാവുന്നുണ്ട്. കാരണം സ്യൂഡോ ആര്‍ട് എത്രത്തോളം കോലാഹലമുണ്ടാക്കിയാലും അല്‍പായുസ്സാണെന്നതും വസ്തുത. തമിഴിലെ ഇത്തരമൊരു സിനിമാ മോഡേനൈസേഷന്റെ വെപ്രാളപ്പെടുത്തലുകള്‍ക്കിടയില്‍ ഒരു നവ തരംഗമുണ്ടായി. അത് മാറ്റൊലി സിനിമയായിരുന്നില്ല. പച്ചയായ മനുഷ്യന്റെ ആകുലതകളും വികാരങ്ങളും അവന്റെ മണ്ണിനോടും ആത്മാവിനോടും ചേര്‍ന്ന് നില്‍കുന്ന ആഖ്യാനരീതികളും കഥാതന്തുവും ഒക്കെയായി മൈനയും സുബ്രമണ്യപുരവും പോലുള്ള സിനിമകള്‍/. അവ അന്നാട്ടിലെ കോലാഹല സിനിമകളോട് മത്സരിക്കുകയായിരുന്നില്ല. മറിച്ച് പ്രേക്ഷകനിലേക്ക് ഒരു തേങ്കണംപോലെ ഊറി അലിഞ്ഞു അവന്റെ ഭാഗമാവുകയായിരുന്നു.നമുക്കും അതാണാവശ്യമെന്ന് അവധൂതന്‍ പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടോ കൂട്ടരേ..?    മലയാളത്തില്‍ സോള്‍ട് ആന്‍റ് പേപ്പര്‍ പോലെയും, ഇന്ത്യന്‍ രൂപ്പീ പോലെയും ഉസ്താദ് ഹോട്ടല്‍ പോലെയും മാണിക്യകല്ലുപോലെയും എണ്ണം അംഗുലീപരിമിതങ്ങളായ ചില സിനിമകള്‍ മാത്രമാണ് നമ്മുടെ കോണ്‍ട്രിബ്യൂഷന്‍.

അഡാപ്റ്റേഷനുകളേക്കാള്‍ നമുക്കാവശ്യം ഇന്നൊവേഷനാണ്. മാറ്റൊലിയേക്കാള്‍ അഭികാമ്യം ശ്വശബ്ദം തന്നെ. മറ്റൊരുവന്‍റെ പെണ്ണിനേക്കാള്‍ അഴകും സ്നേഹവുമുള്ളത് പ്രാണേശ്വരിക്ക് തന്നെ. പിന്‍ഗാമി ആകുന്നതിനേക്കാള്‍ എത്രയോ മഹത്താണ് മുന്നില്‍ നിന്ന്‍ നയിക്കുന്നതിന്. സ്വന്തമായിരുക്കുന്നത് തന്നെ കടംവാങ്ങിയതിനേക്കാള്‍ വിലയുള്ളതും നമുക്കിണങ്ങുന്നതും. അത്തരമൊരു പ്രവണതയിലേക്ക് മലയാള സിനിമ മാറിയിരുന്നെങ്കില്‍ എന്നാശിക്കുന്നു അവധൂതന്‍.. നവതരംഗമെന്നും ന്യൂജേനറേഷന്‍ എന്നുമൊക്കെ ഓമനപ്പേരിടൂന്നത് പഴയകുപ്പിയിലെ വീഞ്ഞിനാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്ന്‍ മോഹിക്കുന്നു അവധൂതന്‍. മാറ്റൊലി സിനിമകള്‍ സ്യൂഡോ ആര്‍ട് ആണെന്നും ചലച്ചിത്രകാരന്‍മാര്‍ മനസ്സിലാകിയിരുന്നെങ്കില്‍ എന്ന്‍ പ്രതീക്ഷിക്കുന്നു അവധൂതന്‍.

വിജയിപ്പൂതാക



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...