ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2012, ജൂലൈ 17, ചൊവ്വാഴ്ച

ഉപകാരസ്മരണ/റോബർട് ബ്രൂസ് ഇൻ 2012

ഉപദേശിച്ച് നന്നാക്കിയ ശിഷ്യൻ ആശാന്റെ പെങ്ങൾക്ക് കുട്ടിയുണ്ടാക്കാനിറങ്ങി
ജീവിതത്തോണി തുഴയാൻ പഠിപ്പിച്ചവന് ചങ്ങായി വക നിത്യേന ഉപദേശം
 പരീക്ഷ ജയിപ്പിക്കാൻ പെടാപ്പാട്പെട്ട മുൻബഞ്ചനെ പിൻ ബഞ്ച്കാരി കോമ്പസ്സിനു കുത്തി പട്ടിണിക്കോലത്തിൽ പടിപ്പുര മുട്ടീയവന് കൊടുത്ത ജോലി പിന്നെ ശമ്പളപ്പരാതിയായി തിരിച്ച് കൊത്തി
ഉടപ്പിറപ്പെന്ന് കരുതി കട്ടിലിൽ ഒപ്പമുറക്ക് വളർത്തിയവൾ പിറ്റേന്ന് ആരന്റെ കൂടെ അഴിഞ്ഞാടാൻ പുറപ്പെട്ട് പോയി
 ഇന്നലെ പത്തുറുപ്യടെ പച്ചച്ചോറ് പങ്കിട്ടവൻ ഇന്ന് പതിനായിരത്തിന് ശമ്പളക്കാരൻ
അവന് ഞാനിന്ന് മണ്ടൻ ജീവിക്കാനറിയാത്തവൻ
ആപത്തിലും ആകായ്കയിലും എനിക്ക് കൂട്ടാമാത്മസഹിക്കും ഞാനിന്ന് പോഴൻ, ഓട്ടക്കയ്യൻ.

ഞാനാരാണ് ഉവ്വേ...? നീ തന്നെ പറ..പടച്ചവനേ...
(നിങ്ങൾ എന്തു വിളിക്കും എന്നെ പൊന്നു ചങ്ങായീ..?)


റോബർട് ബ്രൂസ് ഇൻ 2012
പുറത്ത് ആരവമുണ്ട്, പടയോട്ടം നിലച്ചിട്ടേയില്ല, തലകൾ വെട്ടിയെടുക്കപ്പെടുകയും മുഖങ്ങൾ വെട്ടിമുറിക്കപ്പെടുകയും ചെയ്യുന്നു. പടനായകർ പിന്നിൽ നിന്ന് പടനയിക്കുകയും കാലാൾ മുന്നണിപ്പോരാളികളായി മരിച്ച് വീഴുകയും ചെയ്യുന്നു. അവിടെ ഗ്രീഷ്മമെന്നോ ശിശിരമെന്നോ വ്യത്യാസമില്ല, പോരാട്ടത്തിനു ചൂടും ചൂരും എരിവും കൂടൂകതന്നെയായിരിക്കും. ഇത്രയേറെ തലകൾ വെട്ടിമാറ്റപ്പെട്ടുകൊണ്ടേയിരുന്നിട്ടൂം (കാലങ്ങളായി) കാലാളുകളുടെ എണ്ണം കുറയുന്നതേയില്ലല്ലോ..? പുതു തലമുറകൾ മൂപ്പെത്തുന്നതിനൊപ്പിച്ച് അവരിൽ നിന്നും പുതിയ പടയാളികളെ റിക്രൂട് ചെയ്യുന്നുണ്ടാവം സൈന്യങ്ങൾ. പക്ഷെ ഈ യുദ്ധം അവസാനിക്കുന്നതേയില്ലല്ലോ.? ആരും തോൽകുന്നതുമില്ല. ജയഭേരി അതിനാൽ തന്നെ താൽകാലികം.

ഇവിടെ ഈ ഗുഹക്കുള്ളിൽ ഞാനുണ്ട് ബ്രൂസ്. റോബർട് ബ്രൂസ്. എനിക്ക് ബുദ്ധിയുടെ വല നെയ്ത് കാണിക്കാൻ, പരിശ്രമപാഠം തരാൻ ഒരു ചിലന്തിയുമുണ്ട്. പ്രതീക്ഷകളും, പദ്ധ്ധതികളുമെല്ലാം ഈ ഇരുളിൽ എന്റെ തലക്കുള്ളിൽ മിന്നിമായുന്നുണ്ട്. സോഷ്യൽ നെറ്റ്വർക്കുകളിലെ അതീവ ഗുരുതരന്മാരായ പടനായകരുടെ ഉദ്ബോധനങ്ങൾ ചെവികളിൽ മുഴങ്ങുന്നുമുണ്ട്. പക്ഷെ ഈ ചിലന്തിക്ക് ഒരു കാര്യം എനിക്ക് പ്രഞ്ഞുതരാനാകുന്നില്ലല്ലോ. കഷ്ടം. ഞാൻ ഈ ഗുഹക്കുള്ളിലേക്ക് പാഞ്ഞുകയറുന്നതിനു മുന്നേ ഞാൻ ഒരു പടയാളിയായിരുന്നെന്ന് മാത്രം ഞാനോർക്കുന്നു. ഒരു പക്ഷേ പടനായകനായിരുന്നിരിക്കണം. എന്തിനായിരുന്ന് എന്റെ യുദ്ധം..? ആരോടായിരുന്നു ഞാൻ വാളെടുത്തത്..? ഞാൻ ഏത് പക്ഷത്തായിരുന്നു..? “ഇത്രയും” ഞാൻ മറന്നുപോയിരിക്കുന്നു. പുതിയ ഊർജവും, ആർജവവുമായി ഞാൻ ഈ ഗുഹവിട്ട് പുറത്തേക്കിറങ്ങിയേ പറ്റൂ. അവിടെ പുതിയ ഉണർവുമായി യുദ്ധം ചെയ്യുകയും വേണം. പക്ഷെ എനിക്ക് ആരുണ്ട് പറഞ്ഞു തരാൻ. ഞാൻ ഏത് പക്ഷത്തെന്ന്.? എന്നെ സ്വീകരിക്കാനെത്തുന്നത് ശത്രുവോ മിത്രമോ..? എന്നെ കാത്തിരിക്കുന്നത് പൂച്ചെണ്ടുകളോ ഇരുതല മൂർചയുള്ള വാളോ..?

ഈ ചിലന്തി ഒന്നും മിണ്ടുന്നില്ലല്ലോ..? അയ്യോ അത് വലകെട്ടൂകയായിരുന്നു എന്ന് ഞാൻ മറന്നു. എന്റെ ഹൃദയത്തിന്റെ ഭീത്തികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വല. എന്റെ പ്രജ്ഞയിൽ നിന്ന് തൂങ്ങുന്ന ഒറ്റ നാരിൽ തൂങ്ങി ആടുകയാണാ ചിലന്തി.


2012, ജൂലൈ 6, വെള്ളിയാഴ്‌ച

പുതിയ ചുവടുവയ്പ്, പുതിയ തീരുമാനം , പുത്തനുണർവ്. പുതിയ ഡാമിനുള്ള അംഗീകാരം ഉന്നതാധികാര സമിതിയിൽ നിന്ന്

ഉന്നതാധികാര സമിതി മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നത് അംഗീകരിച്ചിരിക്കുന്നു എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയിച്ചത് എത്രമാത്രം സന്തോഷം ദശലക്ഷക്കണക്കിനു ഹൃദയങ്ങളിൽ കുളിർമഴയാകുന്നു. ഇനി കേന്ദ്ര സർക്കാരിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുകൂല തീരുമാനങ്ങളും ഉത്തരവുകളും നടപടികളുമാണ്. സംസ്ഥാന സർക്കാർ ഇനി കാലവിളംബം കൂടാതെ പ്രവർത്തികുകയും ചെയ്യണം. കക്ഷിഭേദമെന്യേ ഒരുമിച്ച് പ്രവർത്തിച്ച് ഉദാത്തമായ ഒരു പൊളിറ്റിക്കൽ മോഡൽ നാം കാണിച്ചു കൊടുക്കുക. ലോകം നമ്മെ മാതൃകയാക്കട്ടെ. ഇതിനു പ്രതികൂലമായി തമിഴ്നാടിലെ ചില തല്പരകക്ഷികൾ മറുവാദം ഉന്നയിക്കുന്നതിനും ഈ തീരുമാനത്തെ അട്ടിമറിക്കുകയും അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഒരു സ്റ്റേയോ മറിച്ചൊരുത്തരവോ നേടാം എന്ന സാധ്യതയും തള്ളിക്കളയാനാവില്ല. അവിടെയും കർമകുശലതയും സംയോചിതമായ ഇടപെടലും നമുക്ക് മുന്തൂക്കം തരും. പ്രകൃതി ദുർബല പ്രദേശം എന്ന വാദം ഒരു ഇടങ്കോലാകാനുള്ള സാധ്യതയും നിലനിൽകുന്നു. “പ്രകൃതി സംരക്ഷണം“- എന്നതും “അനേക ലക്ഷം മനുഷ്യജീവനുമേൽ നിലനിൽകുന്ന ആപത്ത്” എന്ന വസ്തുതയും ഒരു തുലാസ്സിന്റെ ഇരു തട്ടൂകളിലും വച്ചാൽ അവിടെ “മുൻഗണന” മനുഷ്യ ജീവന്റെ മൂല്യം തന്നെ എന്ന തത്വം കണക്കിലെടുത്ത് വേണം നാം മുന്നോട്ട് നീങ്ങാൻ. ഏറ്റവും ബഹുമാന്യരായ പരിസ്ഥിതി വാദികളും ശാസ്ത്രകാരന്മാരും “പുതിയ ഡാം” എന്ന നിലനില്പ് സംബന്ധിയായ ആവശ്യത്തെ “യാതൊരു വിധത്തിലും” ഹനിക്കുന്നതായ പ്രസ്താവനകളോ നിർദേശങ്ങളോ വക്കാലത്തുകളോ നിർവഹിക്കാൻ ശ്രമിക്കാതിരിക്കുകയാണ് അഭികാമ്യം. 30 ലക്ഷം ജീവനുകൾ കേരളത്തിലും അത്രത്തോളം ജീവനുകൾ തമിഴ്നാട്ടിലും ഈ മുല്ലപ്പെരിയാർ ഡാമിൽ പുതിയ ഡാം എന്ന തീരുമാനത്തോട് അവരുടെ ജീവനും സ്വത്തും കൊണ്ട് കടപ്പെടുമ്പോൾ ഈ പുതിയ തീരുമാനം എത്രത്തോളം പ്രാധാന്യമുള്ളതെന്ന് ഊഹിക്കാവുന്നതേയുള്ളു. ഇവിടെ നാം ഒരു സുപ്രധാന ചുവടുകൂടി മുന്നോട്ട് വച്ചിരിക്കുന്നു. വിശ്രമിക്കാറായില്ല. പ്രവർത്തനം തുടങ്ങുന്നതേയുള്ളു. എവേക് യുണൈറ്റ് ആന്റ് ആക്ട്. സേവ് മുല്ലപ്പെരിയാർ സേവ് അവർ ലൈവ്സ്
Related Posts Plugin for WordPress, Blogger...