ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

മസ്കുലാർ ഡിസ്ട്രോഫിയും മഹാരാജാസ്സും പിന്നെ ഡോക്ടർ സിജുവിന്റെ ചിത്രപ്രദർശനവും



























ഇന്ന് നവംബർ ഒന്ന്.  മൈമഹാരാജാസ്.ബ്ലോഗ്സ്പോട്.ഡോട്.കോം നമ്മളെ ഒരുമിപ്പിച്ചിട്ട് ഇന്നേക്ക് ഒരു വർഷം.

 ഈ ചുരുങ്ങിയ കാലഘട്ടംകൊണ്ട് നാം കുറെ കാര്യങ്ങൾ ചർച്ചചെയ്തു, ചിന്തിച്ചു, വായിച്ചു, പ്രവർത്തിച്ചു. നാം ചർചചെയ്ത സുപ്രധാനമായ ഒരു വിഷയം ഒരു മുഖ്യധാരാ സിനിമയുടെ ഭാഗമാകുകയുമാണ്. നമ്മുടെ മലയാളത്തിൽ ഉറച്ച്നിന്ന് ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകളെ സമന്വയിപ്പിച്ച് ഒരു പുതിയ സിനിമ. നാടിനും നമുക്കും ഒരുമിക്കേണ്ടതിന്റെ പാഠം ചൊല്ലിത്തരുന്ന ഒരു പുതിയ ചലചിത്ര ഭാഷ.തെന്നിന്റ്യയിലെ പ്രമുഖ നടന്മാരും ചലചിത്രകാരന്മാരും ഒരുമിക്കുന്ന ഒരു ദൃശ്യ സന്ദേശം. നമ്മുടെ ബ്ലോഗും അതിൽ ഒരു ഘടകമാവുന്നു.                                    

അദ്ഭുതം തോന്നുന്നു തിരിഞ്ഞ് നോക്കുമ്പോൾ. നാം ഇവിടെ വരെ എത്താൻ ഇടയാക്കിയ നിമിത്തങ്ങളെ ഓർത്ത്.

ഇന്നേപ്പോലെ കഴിഞ്ഞ നവംബർ ഒന്ന് രാവിലെ അവധൂതൻ തിരക്കിട്ട് നടന്ന് പോകുകയാണ് കണ്ണൂരിലെ ഒരു റോഡിലൂടെ. അപ്രതീക്ഷിതമായി ഒരു ഫോൺകോൾ. തിരുവനന്തപുരത്ത് നിന്ന്.

“അളിയാ നമസ്കാരം.”- നല്ല നമസ്കാരം കിട്ടി ഉഷാറായ അവധൂതനു ആളെ പിടികിട്ടി. സിജു. ഡോക്ടർ സിജു. നേമം ഹോമിയോ മെഡിക്കൽ കോളജിൽ നിന്ന്. തിരിച്ചൊരു നമസ്കാരം അച്ചടിക്കുന്നതിനു മുന്നേ ഡോക്ടർ വക ഒരു വെടി.

“അളിയാ. ഇന്നു നല്ല ദിവസമാ. നമ്മടെ മഹാരാജാസ് ബ്ലോഗ് അങ്ങ് തുടങ്ങി കേട്ടോ.” mymaharajas.blogspot.com. ഡോക്ടർ റഹീസാണ് പണിയൊപ്പിച്ച് തന്നത്. രാവിലെ എന്തേലുമൊന്ന് പൊസ്റ്റണമെടെ.” എന്ന്.

അവധൂതന് ഞെട്ടാൻ തോന്നിയില്ല. കാരണം ഈ ഡോ. സിജു എന്ന ഊർജിത മഹാരാജാസ്സ്കാരൻ അടിയനെ 2000-ൽ തന്നെ ഞെട്ടിച്ചതാണ്.

അവധൂതൻ പോസ്റ്റ് ഗ്രാജുവേഷന് വേഷം കെട്ടി എം. സി. ആർ. വി-യിൽ ഉള്ള കാലം. ഭീകരനായ മച്ചാന്റെ മുറിയിലെ പുകമറക്കുള്ളിൽ, ഇപ്പോ സിനിമാ സഹസംവിധായകനായ റിയാസിനൊപ്പം ഹോളിവുഡ് കഥകൾ കൊച്ചിൻ സ്റ്റൈലിൽ പടച്ച് വിടുന്നതിനിടയിൽ ഒരു മൂലക്ക് വെറുതേ നിൽകുന്ന ഉയരമുള്ള കണ്ണാടിക്കാരനെ അന്നേ ശ്രദ്ധിച്ചിരുന്നു.

കക്ഷി സൂവോളജിക്കാരനാണ്. ടിയാൻ അധികം നടക്കില്ല, ഇരിക്കില്ല, നില്പോട് നില്പ്. ഇടക്കിടെ നില്പ് ഹോസ്റ്റലിന്റെ വരാന്തയിലേക്ക് മാറ്റും. ഇടക്ക് ഒരു മനുഷ്യൻ വന്ന് ഹീറോയുടെ മുഴുസൈക്കിളിന്റെ പുറകിൽ ടിയാനെ കയറ്റിയിരുത്തി എവിടെക്കോ ഉന്തിക്കൊണ്ട് പോകുകയും ചെയ്യും. ഇത്തരത്തിൽ നില്പ് സത്യഗ്രഹം നടത്തിയ മഹാൻ വരയുടെ സംഗതികൾ ഉള്ളയാളാണെന്ന് വഴിയെ പിടികിട്ടി. വളരെ മെല്ലെ മാത്രം ചലിക്കുന്ന കൈകളുപയോഗിച്ച് നല്ല അസ്സൽ കൈയ്യക്ഷരത്തിൽ എഴുതുകയും ചെയ്യും. അങ്ങനെ മെല്ലെ ഈ പഹയനെ അവധൂതൻ ഒന്നു മുട്ടി.

മുട്ട് മടക്കാത്തത് വാശികൊണ്ടല്ലന്നും മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച് മസ്സിലുകൾ ശോഷിക്കുന്നത്കൊണ്ടാണെന്നും മനസ്സിലാക്കാൻ ഡോക്ടർ തന്നെ പറയേണ്ടി വന്നു. കോശങ്ങൾ ക്രമേണ നശിച്ച് വരുന്ന ഒരു അവസ്ഥ. ചികിത്സയില്ല എന്ന് മെഡിക്കൽ സയൻസ് പറഞ്ഞ് വച്ച രോഗം. പക്ഷേ ഡോക്ടർ രോഗത്തിനു മുന്നിൽ മുട്ടുമടക്കാൻ ലവലേശം തയ്യാറായിരുന്നില്ല. ഫോട്ടോഷോപ്പ് എന്ന് അവധൂതനൊക്കെ കേൾക്കാൻ തുടങ്ങിയ അക്കാലത്ത് ഇപ്പറഞ്ഞ മഹാൻ ഫോട്ടോഷോപ് കൈക്കലാക്കി. എറണാകുളത്തെ ചിറ്റൂർ റോഡിലെ ഒരു സ്ഥാപനത്തിൽ നിന്ന്. എം. സി. ആർ. വി ഹോസ്റ്റലിൽ നിന്ന് ആ സ്ഥാപനം വരെയുള്ള 5 മിനിറ്റ് നേരെ നടപ്പ് ദൂരം എതാണ്ട് 20 മിനിറ്റിൽ സിജു നടക്കും. അത്ര വേഗത. 5 മിനിറ്റിലും താണ്ടും ഹീറോയുടെ പിന്നിലിരുന്ന്. ഹീറോയില്ലെങ്കിൽ അവധൂതനോ ഇതര കൊശവന്മാരോ കൂടെ കൂടും. അത്തരമൊരു സഹയാത്ര ഒരിക്കൽ കൈലിമുണ്ടിലാക്കി അവധുതൻ. അന്ന് സിജുവിനെ ഫോട്ടോഷോപ്പിൽ വിട്ട് തിരിച്ചുള്ള യാ‍ത്രയിൽ ഏമാന്മാർ പൊക്കിയത്. രാവിലെ കഞ്ചാവ് വാങ്ങാൻ പോയതാണോ എന്ന് കുശലം ചോദിച്ച് എസ്സൈഅദ്യേം. കൈലിയുടുത്ത് ലോക്കലായി റോഡിലിറങ്ങിയതും പോരാഞ്ഞ് ഹോസ്റ്റൽ   ഗേറ്റിൽ കിടന്ന പോലീസ് ജീപ്പിനെ മൈന്റ് ചെയ്യാതെ ഉടുകൈലിപൊക്കി മൂക്ക് ചൊറിഞ്ഞതിന്റെ കലിപ്പ്.

അങ്ങനെ അവധൂതൻ പീജി കലാശിപ്പിച്ച് ഇറങ്ങാൻ ഒരുങ്ങുന്ന അവസാന മാസങ്ങളിലൊരിക്കൽ അടിയന്റെ രണ്ടാം നിലയിലെ മുറിയിലേക്ക് സിജു കയറി വന്നു. വണ്ടറടിച്ചുപോയി. സത്യം. റോഡിലെ ചെറിയ ഹമ്പിനെ എവറെസ്റ്റെന്ന് വിശേഷിപ്പിക്കുന്ന അതേ സിജു ഏതാണ്ട് അമ്പതിലധികം പടികൾ “ഓടി”ക്കയറി എന്റെ മാളത്തിലെത്തിയിരിക്കുന്നു. അപ്പോ ആ ഓട്ടം എത്ര മണിക്കൂറ് മുന്നെ ആരംഭിച്ചിരിക്കണം എന്ന് ഗണിച്ച് നോക്കാൻ അപേക്ഷ.

ഈ പടികയറ്റം ഇടക്കിടക്ക് ആവർത്തിച്ചു. അത്തരമൊരു കയറ്റത്തിനൊടുവിൽ അടിയന്റെ മാളത്തിലെ മേശമേൽ ചാരിനിന്ന് സിജു പറഞ്ഞു. “ അളിയാ. ഈ രോഗത്തിന് ചികിത്സ ഇല്ലടേ. ഒരു പത്ത്മുപ്പത്തഞ്ച് വയസ്സ് വരെയൊക്കെ ചിലപ്പോ പോകും കേട്ടോ.” എന്ന്. പത്ത്-മുപ്പത്തഞ്ച് എന്ന് സിജു അവന്റെ ജീവിതത്തിന് കാലാവധി പറയുകയാണ്. എന്തൊ ഒരു ഇത് തോന്നി അവധുതന്. എന്ത് പറയാൻ ഈ മനുഷ്യനോട്.? എന്ന് മാത്രം ചിന്തിക്കാനേ പറ്റിയുള്ള് ചങ്ങാതിമാരെ.

ഇനിയുമൊരു മലകയറ്റത്തിനൊടുവിൽ പാവം അടിയന് അടുത്ത അടി തന്നു ലവൻ. “അളിയാ. എനിക്ക് മെഡിക്കൽ എന്ട്രൻസ് പാസ്സാവണമെടേ. എന്തായാലും ചാകും; അതിനു മുൻപ് ഒരു ഡൊക്ടറാകണം. ഈ പണ്ടാരം രോഗത്തിനു എന്തേലുമൊരു പ്രതിവിധി കണ്ടെത്തണം”- എന്ന്. എന്ത് ചെയ്യണം ചങ്ങാതിമാരെ അവധൂതൻ.? സുല്ലിട്ടു ഈ മനുഷ്യനു മുന്നിൽ. തോറ്റു തൊപ്പിയിട്ടു അടിയൻ. പക്ഷെ ഈ സിജുഅളിയന്റെ മനസ്സിശ്ശക്തിയും ഡിറ്റർമിനേഷനും അടിയന്റെ മനസ്സിലെവിടെയോ ഒരു ചെറിയ തീപ്പൊരി ചിതറിയിട്ടു.

2003-ൽ അവധൂതൻ മഹാരാജാസ്സിൽനിന്ന് പുറത്ത് ചാടുകയും, അരുക്കുറ്റിയിലെ സിജുവിന്റെ വീട്ടിനു സമീപമിരുന്ന് ഒരു പഴയ തുറമുഖ റം സേവക്ക് ശേഷം തൊട്ട് പിറ്റേന്ന് ഞായറാഴ്ചയിലെ യൂജിസിപ്പരീക്ഷ എഴുതുകയും എങ്ങിനെയോ പാ‍സ്സാവുകയും പത്തനംതിട്ടയിലൊരു കാളെജിൽ ജന്തുശാസ്ത്രം പഠിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. പക്ഷേ സിജുവിനെ വഴിലെവിടെയോ കളഞ്ഞ് പോയി. പക്ഷെ ഏതൊരു ക്ലാസ്സിലും അവധുതൻ ആദ്യം പറയുന്ന പൊസിറ്റിവ് മെന്റൽ ആറ്റിറ്റ്യൂഡ് ഉദാഹരണത്തിൽ സിജുതന്നെയായിരുന്നു. ആ കഥക്ക് ഒരു പഞ്ച് കിട്ടിയത് 2004-ൽ.

അവധൂതനെത്തിരക്കി നേമത്തുനിന്ന് പീരുമേടെത്തിയ ഒരു എസ്റ്റിഡി-യുടെ അങ്ങെത്തലക്കൽ സിജു ഉണ്ടായിരുന്നു.. വെറും സിജു അല്ല. ഹോമിയോ മെഡിക്കൽ കോളജിലെ മെഡിക്കോ സിജു. നമിച്ചുപോയി അടിയൻ. അവൻ പറഞ്ഞതുപോലെ ചെയ്തു. പഹയൻ. പക്ഷെ ലവൻ വിളിച്ചത് ഈ വാർത്ത പറയാനായിരുന്നില്ല. എനിക്കിട്ട് പണിതരാ‍നായിരുന്നു.

പണി- എം. ജി. യൂണിവേഴ്സിറ്റിയിലെ പഴയ കാളെജ് മാഗസിനുകൾ സംഘടിപ്പിച്ച് കൊടുക്കണമത്രെ. കക്ഷി കോളജ് മാഗസിൻ എഡിറ്ററായി മത്സരിക്കുന്നത്രേ. അന്ന് ലേഖകൻ ഒരു ഗസ്റ്റ്ലക്ചറർ. പിന്നീട് 2010 വരെ സിജുവിനെ കണ്ടുകിട്ടിയില്ല. അക്കാലത്തിനിടയിൽ ലേഖകൻ തൊഴിലില്ലായമയിലേക്കും സ്വയംതൊഴിലിലേക്കും അവസാനം ഒരു സർക്കാർ തൊഴിലാളിയായി കണ്ണൂരിലേക്ക് കുടിയേറിപ്പാർക്കുക്കയും ചെയ്തു.
അങ്ങനെ രണ്ടായിരത്തിപ്പത്ത് ഒക്ടോബർ മാസം അവസാനിക്കുമ്പോ ലേഖന്റെ ഒരു വിദ്ധ്യാർത്ഥിയും പിന്നീട് സഹപ്രവർത്തകനുമായ ശ്രീഹരി ഒരു രാത്രിയിൽ ഒരു ചോദ്യം ചോദിക്കുന്നു. “സാറന്ന് പറഞ്ഞ സിജു  ചേട്ടൻ ഇപ്പൊ എവിടെ.?” ഉത്തരം മുട്ടിയ ലേഖകന് ശ്രീഹരി വക ഒരു ആശയം-“ഓർക്കുട്ടിലൊന്നു തപ്പിയാലോ..?” എന്ന്.

ഓർക്കുട്ട് അരിച്ചുപെറുക്കി. സിജുവിനെ മാത്രം കണ്ടുകിട്ടിയില്ല. പക്ഷെ ഡോക്ടർ റഹീസിനെ കിട്ടി. നേമം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റിയിൽ നിന്ന്. പരിചയമില്ലെങ്കിൽ കൂടി റഹീസ് ഡോക്ടറെ രാത്രി തന്നെ വിളിച്ചു. അന്വേഷണത്തിന് “സിജുവിനെ എങ്ങനെയാണ് പരിചയം” എന്ന് ഡോക്ടർ. “മഹാരാജാസ്” എന്ന് പറഞ്ഞാൽ മതി” എന്ന് മറുപടിയും കൊടുത്തു. “ശരി. ഞാൻ പറയാം സിജുവിനോട്”-എന്ന ഡൊക്ടറുടെ മറുപടി എനിക്കും ശ്രീഹരിക്കും ഉണ്ടാക്കിയ സന്തോഷം  വിവരിക്കാനാവില്ല.
ഏതാണ്ട് 10 മിനിറ്റിനുള്ളിൽ ലേഖകന് ഒരു കോൾ. “അളിയാ” എന്ന സുപരിചിത സംബോധന.. ഓർക്കുട്ടിനെ മനസ്സാ നമിച്ച നിമിഷം. വർഷങ്ങൾക്കപ്പുറത്ത് കളഞ്ഞ് പോയ അതേ സ്നേഹത്തിന്റെ ശബ്ദം.
അന്ന്തൊട്ടിന്നേവരെ വിശേഷങ്ങളെല്ലാം (വിശേഷമല്ലാത്തവയും) പങ്കുവച്ചു. സിജു ഹൌസ് സർജൻസി കഴിയുന്നുവത്രെ.
അങ്ങനെ ഒക്ടോബർ 30. ഞങ്ങളൊരു തീരുമാനമെടുത്തു. നമ്മളെ നമ്മളാക്കിയ മഹാരാജാസ്സിന് സമർപ്പിക്കുന്ന ഒരു ബ്ലോഗ്. നമ്മുടെ നാവ്. അതും നമ്മുടെ ഭാഷയിൽ. പ്രത്യേകിച്ച് രൂപരേഖയൊന്നുമില്ലാതെ തന്നെ. പക്ഷെ മഹാരാജാസ് ഓർമ്മക്കുറിപ്പുകളും മറ്റും ഉണ്ടാവണം എന്ന് നിർബന്ധം. ശുഭരാത്രി നേർന്ന് ഞങ്ങളുറങ്ങി.
ഒകോടോബർ 31 രാവിലെ 8 മണി. ഡോക്ടർ സിജൂ വിളിച്ചു. “അളിയാ. നമ്മുടെ ബ്ലോഗ് റെഡി. മൈമഹാരാജാസ്.ബ്ലോഗ്സ്പോട്.കോം എന്നപേരിൽ. ഡൊക്ടർ രഹീസാണ് ഡിസൈൻ. ആദ്യ പോസ്റ്റിനുള്ള വഴി നോക്കണേ.” എന്ന്. അങ്ങനെ ഈ ബ്ലോഗ് പിറന്നു. ടൈറ്റിൽ ഡിസൈനിൽ തന്നെ കണ്ടു സിജുവിന്റെ ഫോട്ടോഷോപ് പെർഫെക്ഷൻ. മഹാരാജാസ്സിനുള്ള സമർപ്പണത്തോടെ ബ്ലോഗ് നിലവിൽ വന്നു.
നവംബർ 1. കേരളപ്പിറവി ദിനം. ബ്ലോഗിന്റെ ലേഔട്, ചില മഹാരാജാസ് ചിത്രങ്ങൾ അവധൂതന്റെ കവിത എന്നിവ പോസ്റ്റുകളായി. നവംബർ 3-ന് കയ്യിൽ മനോരമപ്പത്രവുമായി ദോഷൈകദൃക്കായ അവധൂതനും രംഗത്തെത്തി.
തുടർന്ന് അവധൂതന്റെ കവിതകളും, സാമൂഹ്യന്റെ കുറിപ്പികളും,രമേഷ് കാക്കൂർ-സിജു എന്നിവരുടെ സിനിമാക്കാര്യങ്ങൾ, ആയുഷ്മിത്രൻ എന്നിവരുടെ ആരോഗ്യസംബന്ധമായ ലേഖനങ്ങൾ, ഉമ്മർ കോയാക്കാന്റെ കഥകൾ, അസിം കോട്ടൂറ് പ്രീത  തോന്നക്കൽ, പ്രതീഷ് തുറവൂർ, ശ്രീനി പേരാമ്പ്ര, ഗീതു നായർ, ബിന്ദു ടീച്ചർ, റിച്ചു തുടങ്ങിയവരുടെ കവിതകൾ, ക്യാമ്പസ്സിൽനിന്നും ഹരി, അനു മുരുകൻ എന്നിവരുടെ  മാഹാരാജാസ് വാർത്തകളും, ചിത്രങ്ങളും അങ്ങനെ പല വിഭവങ്ങളുമായി നമ്മുടെ ബ്ലോഗ് നമ്മിലെത്തി. ചുരുങ്ങിയ കാലംകൊണ്ട് ഓർക്കുട്ടിലും ഫേസ്ബുക്കിലും ഫോളോവേഷ്സും ഒക്കെയായി നാം നാമായി. അഭിപ്രായങ്ങളും വിമർശനങ്ങളും ഇത്തിരി തല്ലും തലോടലും ഒക്കെ പിന്നാലെ വന്നു.  നമ്മെ അകമഴിഞ്ഞ് സഹായിക്കുന്ന, മിൽടൻ, പോൾസൻ, ശ്രീജ ആർ. എസ് തുടങ്ങിയ കൂട്ടുകാരെ നന്ദിയോടെ സ്മരിക്കട്ടെ. മറ്റ് ബ്ലോഗുകളിൽനിന്നു വ്യത്യസ്തമായി ഇവിടെ വിഭവങ്ങൾക്കൊപ്പമുള്ള പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നത് ഡോക്ടർ സിജു ആണെന്നത് പറയാതെ നമുക്ക് മനസ്സിലാവുമല്ലോ. ഒരു വ്യക്തിയുടെ ചിന്തകൾ മാത്രം പങ്ക് വയ്കപ്പെടുന്ന ബ്ലോഗുകൾക്ക് ഒരപവാദമായി നമ്മുടെയെല്ലാം ജിഹ്വയാണിത്. കൂട്ടുകെട്ടിന്റെ വായനാനുഭവം.

 ഇന്ന് നമ്മുടെ ബ്ലോഗിനു ഒരു വയസ്സ്.

കഴിഞ്ഞ് കുറച്ച് മാസങ്ങൾ ബ്ലോഗ് ഒരു മയക്കത്തിലായിരുന്നു എന്നതും ശ്രദ്ധിച്ചുകാണും കൂട്ടുകാർ. രണ്ട് കാരണങ്ങളുണ്ട് അതിന്. ഹൌസ് സർജൻസിക്കിടയിൽ സംഭവിച്ച ഒരു ചെറിയ അപകടം അദ്ദേഹത്തിന്റെ ആരോഗ്യനില അല്പം വഷളാക്കുകയും തുടർന്ന് ചികിത്സയിൽ ആകുകയും ചെയ്തതും, ലേഖകൻ നമ്മുടെ ബ്ലോഗിൽ പരാമർശിക്കപ്പെട്ട ഒരു സുപ്രധാന വിഷയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചലചിത്രത്തിന്റെ പണിപ്പുരയിൽ കടന്നു എന്നതുമാണ് കാരണങ്ങൾ. കൂട്ടുകാർ ക്ഷമിക്കുമല്ലോ.

നമ്മുടെ ബ്ലോഗ് ഒന്നാം വയസ്സാഘോഷിക്കുന്ന ഈ അവസരം നമ്മൾ മഹാരാജാസ്സിന്റെ ക്യാമ്പസ്സിൽ കൊണ്ടാടാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു വെള്ളിയാഴച.

തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ “നിറച്ചില്ല്”- എന്ന ഗ്ലാസ് പെയ്ന്റിങ് പ്രദർശനവും വില്പനയും- എറണാകുളം ലോകോളജിൽ വച്ച് നടത്തപ്പെടും. ഡോ‍ക്ടർ സിജു വരക്കുന്ന 75-ൽ അധികം വരുന്ന ഗ്ലാസ് പെയ്ന്റിഗുകൾ ആണ് പ്രദർശനത്തിനുണ്ടാവുക. വിശദമായ തീയതിയും വിവരങ്ങളും പിന്നാലെ അറിയിക്കുന്നതാണ് ശ്രദ്ധിക്കുമല്ലോ. എല്ലാ സുഹൃത്തുക്കളെയും മൈമഹാ‍രാജാസ്.ബ്ലോഗ്സ്പോട്.കോമിന്റെ പേരിൽ സ്വാഗതം ചെയ്യുന്നു.

ഡോക്ടർ സിജുവും സാമൂഹ്യനും മറ്റുകൂട്ടുകാരെല്ലാരും ഉണ്ടാവും. നമുക്ക് മഹാരാജാസ്സിന്റെ മണ്ണിൽ കണ്ടുമുട്ടാം.

മറ്റൊരു അനുബന്ധം കൂടിയുണ്ട് ഈ കഥക്ക്. ഡൊക്ടർ സിജുവിന്റെ -“പത്ത് മുപ്പത്തിനാല്” എന്നാ കാലാവധി നമ്മളങ്ങ് നീട്ടി. ഒരു സിനിമക്കഥപോലെ തോന്നുന്ന അനുഭവമാണത്.

ന്യൂറോ മസ്കുലാർ ഡിസ്ട്രോഫി എന്ന സിജുവിന്റെ അവസ്ഥക്ക് ഒരു മറുപടിക്ക് വേണ്ടിയുള്ള അന്വേഷണം അവധൂതനെയും ശ്രീജയെയും കൊണ്ടെത്തിച്ചത് അമേരിക്കയിലെ ഒരു നിയമനിർമാണത്തിന്റെ വിവരണങ്ങളിൽ. ഈ രോഗത്തിന്റെ  വ്യത്യസ്ഥ അവസ്ഥകളുണ്ടെന്ന അറിവിൽ. അതുകൊണ്ട് തന്നെ മസ്കുലാർ ഡിസ്ട്രോഫിക്ക് ഒരു പരിഹാരം കണ്ടെത്തുന്നതിനുള്ള പരീക്ഷണ നിരീക്ഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനുവേണ്ടിയാണ് ഈ നിയമനിർമാണം. രോഗാവസ്ഥകളിൽ ആദ്യ രണ്ടെണ്ണം മാരകമാണ്. ഡോക്ടറുടെ അവസ്ഥ  മരണകാരണമാകുന്നതല്ല എന്നും നമുക്ക് മനസ്സിലായത് അന്ന്. അദ്ഭുതമെന്നോണം ഡോക്ടർ സിജു തിരിച്ചെത്തുന്ന കാഴ്ച ഞങ്ങൾ കണ്ടു. അങ്ങനെ സിജു അളിയനെ നമ്മൾ തിരികെപ്പിടിച്ചു.  അല്ല സിജുവിന്റെ നിശ്ചയ്ദാർഠ്യം നമ്മെ ശരിയായ വഴിയിലെക്കെത്തിച്ചു എന്ന് തിരുത്തട്ടെ.

ഇനി വേണ്ടത് വളരെ സുപ്രധാനമായ ചില ചികിത്സാപ്രക്രീയകൾ. ഡോക്ടർ സിജുവിന്റെ സ്വപ്നംഅദ്ദേഹത്തോടൊപ്പം നമ്മളൊത്ത് ചേർന്ന് സാക്ഷാത്കരിക്കുകയാണ്. ന്യൂറൊ മസ്കുലാർ ഡിസ്ട്രോഫിക്ക് ഒരു ചികിത്സാവിധിക്ക് നമ്മൾ രൂപം കൊടുക്കുന്നു. പ്രഗൽഭരായ ഭിഷഗ്വരന്മാരുടെ സഹായത്തോടെ. ഇതേ പ്രശ്നബാധിതരായ അനേകം കൂട്ടുകാരുണ്ട് നമുക്കിടയിൽ. അവർക്ക് വേണ്ടത് ശരിയായ രോഗാവസ്ഥാനിർണയവും ഒരു പ്രത്യേക ചികിത്സാവിധിയും, ആയാസമെന്യെ ചെയ്യാവുന്ന എക്സർസൈസുകളുമാണ്. മസിലുകളെ ഉത്തേജിപ്പിക്കുന്നതിനും സദാ പ്രവർത്തിക്ഷമമാക്കുന്നതിനും. അതിനുള്ള തയ്യാറെടുപ്പ് കൂടിയാണ് ഈ “നിറച്ചില്ല്”.

നിശ്ചയദാർഠ്യത്തിന്റെ ആൾരൂപമായ ഡോക്ടർ സിജുവും ഞങ്ങളും നിങ്ങളെ കാത്തിരിക്കുകയാണ് മഹാരാജാസ്സിൽ. നമുക്ക് അവിടെ കണ്ടുമുട്ടാം.

എല്ലാ കൂട്ടുകാർക്കും മഹാരാജാസ് ടീമിന്റെ സ്നേഹാദരപൂർവമായ കേരളപ്പിറവി ആശംസകൾ.

12 അഭിപ്രായങ്ങൾ:

  1. priya koottukare 1 am varsham aaghoshikkunna ningalkku ente aashamsakal. ee siju vine njan valare yathrichikamaayaanu parijayapedunnathu. eniku ee kuttiyodu othiri mathippu thonniyittund. trivandrathulla eniku ernakulathu vachu nadakkunna functionel pankedukkan kazhiyilla. ennaalum njan prarthikkam. ente friends nodellam parayam. ethraye enikku cheythu tharan pattu. ente ella vidhamaaya AASHAMSAKALUM orikkal koodi ariyikkunnu. ee samrambham van vijayamakatte. siju nalla kazhuvulla kutti anu. JESUS BLESS YOU.

    മറുപടിഇല്ലാതാക്കൂ
  2. പ്രിയ പ്രവാഹിണീ. പ്രവാഹാണിയും ഇതിന്റെ ഭാഗം തന്നെയാണു. നമ്മിൽ ഇതേപോലെയുള്ള ശാരീരിക വെല്ലുവിളികളും അതിനെക്കാളേറെ മാനസ്സികമായ കരുത്തും വളരെയേറെ ക്രീയാത്മകതയുമുള്ള കൂട്ടൂകാരെ കണ്ടെത്തി അവർക്ക് വേണ്ടി ഒരു ഫൌണ്ടേഷൻ രൂപീകരിക്കാനും അവരുടെ ശാരീരികക്ഷമത പരിപോഷിപ്പിക്കുന്നതിനും താലന്തുകളെ പൊതുജനശ്രദ്ധയിലേക്കെത്തിക്കുന്നതിനുമുള്ള യത്നത്തിലെ ആദ്യ ചവിട്ടുപടിയാണിത്. സമാന ചിന്താഗതിക്കാരായ എല്ലാ കൂട്ടുകാരെയും ഇതറിയിക്കുക. പ്രാവാഹിണിയും ഇതേപോലൊരു വേദിയിലേക്ക് നമ്മളെത്തിക്കുക തന്നെ ചെയ്യും. സ്നേഹപൂർവം മഹാരാജാസ് ടീം.

    മറുപടിഇല്ലാതാക്കൂ
  3. ഒരു വര്‍ഷം കൊണ്ട് മഹാരാജാസ് ബ്ലോഗ്‌ എനിക്ക് നല്ലൊരു സുഹൃത്തിനെ തന്നു.ഡോക്ടര്‍ സിജു വിനെ ഇത് വരെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല..സിജുവിനെയും മഹാരാജാസിനെയും മഹാരാജാസിന്റെ മണ്ണില്‍ ആദ്യമായ് കണ്ട് മുട്ടാം എന്ന പ്രതീക്ഷയോടെ...നിറചില്ലിനു ഹൃദയം നിറഞ്ഞ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. റെനി ... തീര്‍ച്ചയായും മഹാരാജാസിന്റെ മണ്ണില്‍ വെച്ച് തന്നെ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ ..

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2011, നവംബർ 7 4:03 AM

    Hai, i dont kno what to say me also suffr the same problm.

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ സൌമ്യ. ഇതൊരു പ്രശ്നമല്ലാതാക്കണം നമുക്ക്. ഏതാനും വിരലുകൾ മാത്രം ചലിപ്പിക്കാവുന്ന സ്റ്റീഫൻ ഹോകിങ്സിനു ലോകത്താരെകാളും ക്രിയാതമകമായ ഒരു തലച്ചോറുണ്ട്. ചിന്തകൊണ്ട് അദ്ദേഹം കാ‍ലത്തിനൊരു ഹ്രസ്വചരിത്രമെഴുതി. നമ്മുടെ ഏത് അവയവത്തെ ക്രിയാത്മകതയിലേക്ക് ക്ഷണിക്കുന്നുവോ, അവിടെ വിജയത്തിലേക്കും സന്തോഷത്തിലേക്കുമുള്ള യാത്ര തുടങ്ങുകയാണ്. സൌമ്യക്ക് നമ്മുടെ ഈ പുതിയ വിപ്ലവത്തിലേക്ക് സ്വാഗതം.

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2011, നവംബർ 8 6:35 AM

    THANK YOU MY FRND .i cant give up njan ithinu vendi ippozu fight cheyukayanu.ithinu idayilum i completed my PG nw am trying 2 do Phd .

    മറുപടിഇല്ലാതാക്കൂ
  8. പ്രിയ സൌമ്യ. അപ്പൊ എനിക്ക് തെറ്റിയില്ല.ഇതാണ് ശരിയായ ഉദാഹരണം. ഒരു റിസർചർക്കുവേണ്ട നിശ്ചയദാർഠ്യം ഉണ്ട് സൌമ്യക്ക്. ആയിരങ്ങൾക്ക് മാതൃകയാവാനാണ് ഈ ജീവിതം. നിക് വുജിസിക്കിനെ അറിയുമല്ലോ. കൈകളില്ലാ‍തെ കാലുകൾക്ക് പകരം ഒരു ചെണ്ടക്കോലുപോലൊരു ഭാഗവുമായി ജനിച്ച്, ഏറ്റവും സുന്ദരമായി ജീവിക്കുന്ന ആ മനുഷ്യൻ ഒരു മോട്ടിവേറ്ററാണ്. ഇപ്പോൾ സൌമ്യയും. വിജയിക്കുക. മുന്നോട്ട് പോവുക. സൌമ്യയുടെ അനുഭവങ്ങൾ ഞങ്ങളുമായി പങ്കുവയ്കുമൊ ബ്ലോഗിലൂടെ.?

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍2011, നവംബർ 29 1:59 AM

    Hai sorry my frnd njan kurachu busy ayi poyi thirchayayum njan enthe anubavam panguvekam

    മറുപടിഇല്ലാതാക്കൂ
  10. പ്രിയ സൌമ്യ.താങ്കളുടെ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  11. ബിജു സ്റ്റീഫന്‍ തൊടുപുഴ2012, ജനുവരി 3 12:55 PM

    നഷ്ടപ്പെട്ടു പോയ ആ നല്ല ദിനങ്ങള്‍ ഇവിടെ തിരികെ കിട്ടുമ്പോള്‍ വളരെ ഏറെ സന്തോഷം .തീര്‍ച്ചയായും നമുക്കെല്ലാര്‍ക്കും മഹാരാജാസിന്റെയും എം സി ആര്‍ വി ഹോസടലിന്റെയും രാജകീയ മുറ്റത്ത്‌ ഇനിയും ഒത്തുകൂടമെന്ന ശുഭ പ്രതീക്ഷയോടെ ....

    മറുപടിഇല്ലാതാക്കൂ
  12. പ്രിയ അവധൂതാ എന്നെ കുറിച്ചു ശരിക്കറിയാതെയാണു പറയുന്നതു. ഞാൻ എതെ പോലുള്ള അവസ്ഥയിലുള്ളവരെ സഹായിക്കാൻ എന്നെ കൊണ്ടു കഴിയും പോലെ ചെയ്യും. ഞാൻ ഇതിനു വേണ്ടി ഒരു വെബ് സൈറ്റ് തുടങ്ങണമെന്നു വിചാരിച്ചതാ. പക്ഷേ ഒരു സ്പോൺസർ ഇല്ലാത്തതു കൊണ്ടു അതു കളഞ്ഞു. ഇപ്പോൾ തന്നെ സിജു വിനെ എങ്ങനെ സഹായിക്കാമെന്നാ എന്റെ ചിന്ത. അവനോട് ഒരു ലേഖനമെഴുതി തരാൻ പറഞ്ഞിറ്റുണ്ട്. മാഗസിനിൽ കൊടുക്കാം. പിന്നെ എന്റെ ബ്ലോഗിലും അവനെ കുറിച്ചു എഴുതുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...